ഉത്രാടം തിരുനാള്‍ ഓര്‍മ്മയായി
തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജവംശത്തിലെ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ (91) നാടുനീങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.20 ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലായിരുന്നു വിയോഗം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം ആറു മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭൗതികദേഹം രാവിലെ മുതല്‍ കോട്ടയ്ക്കകം ലെവി ഹാളില്‍ പൊതുര്‍ശനത്തിന് വച്ചിരിക്കുകയാണ്. 2.30 വരെ പൊതുദര്‍ശനം തുടരും. സൂര്യസ്തമയത്തിനു മുന്‍പ് ഓടെ കവടിയാര്‍ കൊട്ടാരത്തില്‍ സംസ്കാരം നടക്കും. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ കാരണവരും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയുമായിരുന്നു. പട്ടം പാലസില്‍ (തുളസി ഹില്‍ പാലസ്) ആയിരുന്നു ഇത്രാടം തിരുനാളിന്റെ താമസം.
മരണസമയത്ത് മകള്‍ പാര്‍വതീവര്‍മ്മ, മകന് പത്മനാഭവര്‍മ്മ പൂയം തിരുനാള്‍ ഗൗരി പാര്‍വതീ ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി, മൂലം തിരുനാള്‍ രാമവര്‍മ (അടുത്ത അനന്തരാവകാശി) തുടങ്ങി കുടുംബാംഗങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു. കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയാണ് സഹോദരി. 2005ല്‍ പരേതയായ രാധാദേവിയാണ് ഭാര്യ. ലഫ്.കേണല്‍ കൃഷ്ണ ഗോപിനാഥന്റെ മകളായിരുന്നു രാധാദേവി.
തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനാണ് ഉത്രാടം തിരുനാള്‍. ഇളയരാജാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നു. 1922 മാര്‍ച്ച് 22ന് (മീനമാസത്തിലെ ഉത്രാടം നാള്)തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ മഹാറാണി സേതു പാര്‍വ്വതി ഭായിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ്മ കോച്ചുകോയിക്കല്‍ തമ്പരാന്റെയും മകനായി ജനനം. രണ്ടാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം മദ്രാസിലേക്ക് താമസം മാറ്റി. അഞ്ചാം വയസ്സില്‍ വിദ്യാരംഭം. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം പ്ലൈമൗണ്ട് കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംണ്ടിലേക്ക് പോയി. പഠനശേഷം 1956ല്‍ ബംഗലൂരുവില്‍ വ്യവസായ സ്ഥാപനം തുടര്ന്നി. പിന്നീട് വളരെക്കാലം ബംഗലൂരുവിലായിരുന്നു താമസം. 1991ല്‍ ചിത്തിര തിരുനാള്‍ നാടുനീങ്ങിയതോടെ തിരുവനന്തപുരത്തേക്ക് താമസം മാറ്റി.
വിദ്യാഭ്യാസ കാലത്തും തുടര്‍ന്നും കൊട്ടാരത്തിലെ മുറജപങ്ങളും മുറയ്ക്ക് നടന്നു. കായികരംഗത്തും കുതിരസവാരിയിലും യാത്രയിലും ഫൊട്ടോഗ്രഫിയിലും ഏറെ തത്പരനായിരുന്നു ഉത്രാടം തിരുനാള്‍. ലോകയാത്രകളിലുടനീളം ചിത്രങ്ങള്‍ ഒപ്പിയെടുത്തു. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ചരിത്രമുഹൂര്‍ത്തങ്ങളും ആകാശകാഴ്ചകളും അദ്ദേഹത്തിന്റെ ചിത്ര ശേഖരത്തിലുണ്ട്. ശ്രീപത്മനാഭന്റെ ദാസനായ അദ്ദേഹം ആരോഗ്യം അനുവദിക്കുന്നതുവരെ ക്ഷേത്രദര്‍ശനംമുടക്കിയിരുന്നില്ല. ശ്രീപത്മനാഭയെ കണ്ടശേഷമായിരുന്നു ജലപാനം പോലും. ശംഖുമുരദയുള്ള കാറില്‍ ശ്രീപത്മനാഭനെ വണങ്ങാനുള്ള ബെന്‍സ് കാറിലെ അദ്ദേഹത്തിന്റെ യാത്ര തലസ്ഥാന നഗരത്തിലെ പതിവ് കാഴ്ചയായിരുന്നു. പ്രൗഡോജ്വലമായ ആ യാത്ര ഇനി തലസ്ഥാനവാസികള്‍ക്ക് നിറമുള്ള ഓര്‍മ്മയാകും. കഴിഞ്ഞ വര്‍ഷം നവതിയാഘോഷത്തിന് സമ്മാനമായി ലഭിച്ച റോല്‍സ് റോയ്സ് കാറില്‍ അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് എത്തിയെങ്കിലും ആ കാര്‍ പിന്നീട് ഉടമയ്ക്കു തന്നെ മടക്കി നല്കി.
രാജഭരണത്തിന്റെയും ബ്രീട്ടീഷ് കോളനി വാഴ്ചയുടെയും ജനാധിപത്യത്തിന്റെയും ഭരണാനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു. യൗവനകാലത്ത് കോളനിവാഴ്ച അവസാനിച്ച് നാട് ജനാധിപത്യത്തിലേക്കും കടന്നപ്പോഴും പിന്നീട് രാജഭരണത്തിന് പ്രസക്തി നഷ്ടപ്പെട്ടപ്പോഴും അദ്ദേഹം എല്ലാത്തിനും സാക്ഷിയായി. വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും ജനാധിപതര്യത്തെ തള്ളിപ്പറഞ്ഞില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക ആഭിമുഖ്യം കാട്ടാനോ ആരെയെങ്കിലും തള്ളിപ്പറയാനോ അദ്ദേഹം തയ്യാറായില്ല. തന്നെ കാണാനെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ രാജകീയമായി തന്നെ അദ്ദേഹം സ്വീകരിച്ചു. നവംബര്‍ 11ന് കേരള സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് രാജകുമാരനുമായി അനാരോഗ്യങ്ങള്‍ മാറ്റിവച്ച് കൊച്ചിയില്‍ എത്തി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച ചരിത്രത്തിന്റെ ഓര്‍മ്മപുതുക്കലായിരുന്നു. കൂടിക്കാഴ്ചയില്‍ തിരുവിതാംകൂര്‍ പവന് ചാള്‍സിന് സമ്മാനിക്കാനും അദ്ദേഹം പറന്നില്ല.
എളിമയുടെയും പാണ്ഡിത്യത്തിന്റെയും പ്രതീകമായിരുന്ന ഉത്രാടം തിരുനാള്‍ നാടുനീങ്ങിയതോടെ രാജവംശത്തിലെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. 'തൃപ്പടിദാനം' അദ്ദേഹത്തിന്റെ ആത്മകഥയാണ്. 2010 ജുണില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ച് ലോകമറിഞ്ഞതോടെയാണ് ചേരവംശത്തിലെ അന്പത്തിയഞ്ചാമത് ശ്രീപത്മനാഭ ദാസനായ അദ്ദേഹത്തിന്റെ മഹത്വം ലോകമെമ്പാടും അറിയപ്പെട്ടത്.
Reports Mangalam Daily,December 16, 2013
Features
രാജഹൃദയത്തിലെ ഉത്സവങ്ങള്‍....
എപ്പോഴും ചുറ്റുമുള്ളവരുടെ സ്നേഹവും ആദരവും നേടിയെടുക്കുന്ന ലാളിത്യമാണ് തിരുവിതാംകൂറിലെ പത്മനാഭദാസനായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക്. രാജ്യഭരണമില്ലെങ്കിലും യുവതലമുറയ്ക്കു ആദരണീയനായ രാജാവു തന്നെയാണ്. നവതി പിന്നിട്ട വേളയില്‍ ഉത്രാടം തിരുനാള്‍ 2012ലെ വിഷുക്കാലത്ത് 'കന്യക'യ്ക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്.
തിരുവന്തപുരം പട്ടം ജംഗ്ഷന്റെ തിരക്കില്‍ നിന്ന് വിളിപ്പാടകലെ പട്ടം പാലസ്. മഞ്ചാടിക്കുരു വീണു ചിതറിയ പറമ്പ്. സുന്ദരമായ വെണ്ശംഖ്, ആ രാജമുദ്ര രേഖപ്പെടുത്തിയ കൊട്ടാരവാതില്‍ തുറക്കപ്പെടുന്നു.രാജകീയവും ലാളിത്യവും ഒരു സ്വപ്നം പോലെ കണ്‍തുറന്നു നമ്മെ വിസ്മയിപ്പിക്കുന്നുവോ.? എവിടെയും രാജഭരണത്തിന്റെ ഉള്‍ത്തുടിപ്പു നമ്മെ വന്നു തൊടുന്നു. അമ്പലവും പെയിന്റിംഗുകളും പഴയ കാറുകളും വിളക്കുകളും. ..
സാധാരണ പ്രജയ്ക്ക് എല്ലാം കാഴ്ചകളാണ്. തന്റെ മുന്‍ഗാമികളുടെ വലിയ എണ്ണച്ചായാ ചിത്രങ്ങള്‍ നിരന്ന സ്വീകരണമുറിയിലേയ്ക്ക് ഉത്രാടം തിരുനാള്‍ മഹാരാജാവ് കടന്നുവരുമ്പോള്‍ പിന്നേയും പിന്നേയും തെളിഞ്ഞു വരുന്നു ആ രാജപ്രതാപം.
എപ്പോഴും ചുറ്റുമുള്ളവരുടെ സ്നേഹവും ആദരവും നേടിയെടുക്കുന്ന ഒരു ലാളിത്യമാണ് താനെന്നു പറയും പോലെയാണ് രാജാവ്. ആ സാമീപ്യം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ താനുണ്ടാകുമെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്നുവോ.
''എനിക്ക് മറ്റൊന്നും വേണ്ട. എന്റെ നാടിന്റെ സ്നേഹം മതി. എന്നും അവരുടെ സ്നേഹം കൊട്ടാരത്തിന് ലഭിച്ചിരുന്നു.എനിക്ക് മുമ്പേ കടന്നുപോയവര്‍ക്ക് ശേഷം എനിക്കും. പറയുമ്പോള്‍ ഇപ്പോള്‍ എല്ലാം 'എക്സ്' ആണ്. അതായത് മുന്‍ രാജാവ്..മുന്‍ രാജകാലം....എനിക്ക് എല്ലാവര്‍ക്കുമൊപ്പം നില്‍ക്കാനാണ് ഇഷ്ടം. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ആ സ്നേഹം ഞാനറിയുന്നു. അവരില്‍ ഒരാളാണ് ഞാന്‍.അവര്‍ എന്നെ സ്നേഹിക്കുന്നു. അതുകൊണ്ട് അവര്‍ക്കിടയിലേയ്ക്ക് ഞാന്‍ പോകുന്നു.''
ആത്മീയതയില്‍ മനസര്പ്പിച്ചതുകൊണ്ടാവണം സംസാരത്തിലൊക്കെയും ജീവിതത്തില്‍ നിറയേണ്ട ലാളിത്യത്തെക്കുറിച്ച് എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഉത്സവം പോലെ ആരുടെ മനസിലും നിറഞ്ഞു നില്ക്കുന്ന കൊട്ടാര ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ വിഷുവും... കുട്ടിക്കാലവും കളികളും യാത്രകളും പത്മനാഭ ഭക്തിയും...ഒക്കെ മാറിമറിഞ്ഞു തെളിഞ്ഞുവന്നു.
വിഷുക്കാലമാണ് .. കുട്ടിക്കാലത്തെ വിഷു ഓര്‍ത്തെടുത്താല്‍?
വളരെ ലളിതമാണ്. രാവിലെ എഴുന്നേല്‍ക്കണം. തലേന്ന് കണി തയാറാക്കും. ഒരു മേശയുടെ മുകളിലാണ് കണി തയാറാക്കുന്നത്. അല്പം വലുപ്പത്തിലുള്ള ദന്തത്തില്‍ തീര്‍ത്ത ഇരിക്കുന്ന രീതിയിലുള്ള പത്മനാഭസ്വാമിയുടെ രൂപം വയ്ക്കും. ഒരുവശത്തു ലക്ഷ്മീദേവിയുടേതും മറുവശത്ത് മഹാലക്ഷ്മിയുടേയും രൂപം. അതിന്റെ മുന്നില്‍ ഒരു വെള്ളി വിളക്ക്. ചുറ്റും തേങ്ങ, വെള്ളരി, മാങ്ങ... കണിക്കൊന്ന... രാവിലെ വിളക്കും കര്‍പ്പൂരവും കത്തിച്ച് കാരണവര്‍ എല്ലാവരേയും വിളിച്ചുണര്‍ത്തി കണി കാണിക്കും. എന്നിട്ട് അമ്പലത്തില്‍ പോകും. പത്തുമണി മുതല്‍ കാരണവര്‍ എല്ലാവര്ക്കും കൈനീട്ടം കൊടുക്കും. ഉച്ചയ്ക്ക് സാധാരണ ഒരു സദ്യ.
വിഷുവിന് കാലം വരുത്തിയ മാറ്റം?
പണ്ട് നാലു കൂട്ടരാണ് വിഷു കൊണ്ടാടിക്കൊണ്ടിരുന്നത്.മലയാളി..തമിഴന്,തെലുങ്കന്, കര്ണാടകക്കാരന്. പുതുവര്‍ഷമായിട്ടാണ് വിഷു ആഘോഷിച്ചിരുന്നത്. ഇന്നു മലയാളി ഇതൊരു വിശേഷദിവസം മാത്രമാക്കി. ഇംീഷില് വിഷു എന്നു എഴുതുന്നതിനിടയിലെ 'എച്ച് ' എന്ന അക്ഷരം കഴിഞ്ഞാല്‍ 'എന്‍' എന്നു കൂടിചേര്‍ത്തു ചിന്തിച്ചാല്‍ നന്നായിരുന്നു.അപ്പോള്‍ 'വിഷ്ണു'.കോവിലില്‍ പോകണം. ആളുകള്‍ക്ക് നമ്മുടെ സന്തോഷം കാട്ടാന്‍ വിഷ്ണൂനീട്ടവും സദ്യയും കൊടുക്കുക.
സദ്യയ്ക്ക് ഒരു പ്രാധാന്യമുണ്ട്..?.
തീര്‍ച്ചയായും.ഒരാള്‍ക്ക് മതിയാവോളം കൊടുക്കാന്‍ കഴിയുക ആഹാരമാണ്. സുഭിക്ഷിതയ്ക്ക് എളുപ്പമുണ്ട് ആഹാരം കൊടുത്താ ല്‍. ഇപ്പോള്‍ ആഹാരത്തിലെ സുഭിക്ഷിതയും നഷ്ടമാകുകയാണ്. ക്യഷി ഇല്ലാതാകുന്നു.. പുഴ വറ്റുന്നു... പക്ഷേ മറ്റു ദേശക്കാര്‍ ക്യഷി ചെയ്യുന്നുണ്ട്. നമുക്ക് ശീഘ്രം പണം കിട്ടണം എന്നാണ് ചിന്ത. നമ്മുടെ കാരുണ്യം കൊണ്ടും ഈ തമ്പുരാന്റെ ആലോചന കൊണ്ടും (ഭിത്തിയില്‍ തൂക്കിയിരിക്കുന്ന വി ശാ ഖം തിരുനാളിന്റെ ചിത്രം ചൂണ്ടിക്കാട്ടുന്നു) മുല്ലപ്പെരിയാറിലെ വെള്ളം തമിഴന്മാര്ക്ക് കൊടുത്തു.അത് കൊണ്ട് കമ്പം, തേനി.. എന്നിവിടങ്ങളില്‍ ക്യഷിയായി. നമ്മളത് ചെയ്യുന്നില്ല. കുട്ടനാട് പോലും ചുരുങ്ങി. ജപ്പാനെ കണ്ടു പഠിക്കണം. കൊച്ചു ദ്വീപുകളാണ്. എന്നിട്ടും അവര്‍ സുന്ദരമായി ക്യഷി ചെയ്യുന്നു.
പല രാജ്യങ്ങള്‍ സന്ദര്ശിച്ചിട്ടുണ്ടാവില്ലേ?
പല രാജ്യങ്ങളില്‍ പോയിട്ടുണ്ടെങ്കിലും അമേരിക്കയില്‍ പോകണമെന്ന് തോന്നിയിട്ടേയില്ല. കാരണം അവരുടേതായ സംസ്ക്കാരമില്ലാത്ത രാജ്യമാണത്. ഒരു കാലത്ത് ഇംഗ്ലണ്ട്,ഇറ്റലി, ഫ്രാന്‍സ്, തുടങ്ങി പല രാജ്യങ്ങളില്‍ നിന്ന് മുക്കാല്ി ഗുണ്ടകളായ ആള്‍ക്കാരാണ് ആദ്യം അവിടെ എത്തിപ്പെട്ടത്. മുന്നോട്ടുള്ള ജീവിതത്തില്‍ അത് തിരുത്താനും കഴിഞ്ഞില്ല. അവിടെ ഒരു പാട് ഭൂമിയുണ്ട്... എണ്ണയുണ്ട്.എന്നിട്ടും അവര്‍ പലര്‍ക്കും രോഗങ്ങള്‍ അടക്കം മോശം കാര്യങ്ങളേ പകര്‍ന്നു നല്കിയുള്ളൂ. കുട്ടികളും ഇത് കണ്ടാണ് വളരുന്നത് .അതു കാരണം മാറ്റം ഉണ്ടാകുന്നില്ല.
നമുക്ക് കേരളത്തിലേക്ക് വരാം. ഇവിടെ കുട്ടികളുടെ കാര്യമെടുത്താല്‍?
ഇവിടെ കുട്ടികള്‍ക്ക് കുട്ടിക്കാലം ഇല്ല. കാളകളെ പോലെ ചുമടുതാങ്ങികളാണ് കുട്ടികള്‍.അവര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയോ പഠിച്ചെടുക്കുന്നു.പണമുണ്ടാക്കുകയാണ് പഠനത്തിന്റെ ലക്ഷ്യമെന്ന് തോന്നിപ്പോകും.ജീവിതമെന്തെന്ന് പഠിക്കുന്നില്ല. വിദ്യാഭ്യാസം കച്ചവടമാകുന്നു.പുസ്തകം അച്ചടിക്കുന്നത് ബിസിനസിനപ്പുറം ഒന്നുമല്ല. സാംസ്ക്കരികമായി ഒന്നും പഠിക്കപ്പെടുന്നില്ല.
തിരുമനസിന്റെ വിദ്യാഭ്യാസം?
ഞാന്‍ സ്കൂളിലോ കോളജിലോ പോയിട്ടേയില്ല.14 അധ്യാപകര്‍ കൊട്ടാരത്തില്‍ വന്നു പഠിപ്പിക്കുകയായിരുന്നു.ഇപ്പോള്‍ ചില സ്കൂളുകളിലൊക്കെ പോകുമ്പോള്‍ സ്കൂളില്‍ പോകാന്‍ പറ്റാത്തതില്‍ വിഷമം തോന്നാറുണ്ട്.
കളികള്‍?
വൈകുന്നേരങ്ങളില്‍ എന്റെ സമപ്രായക്കാരായ ബന്ധുക്കളെ കൊട്ടാരത്തില്‍ വരാന്‍ അനുവദിക്കുമായിരുന്നു.ക്രിക്കറ്റ് ഒഴിച്ച് എല്ലാ കളികളും കളിക്കും.
ഇന്ന് ക്രിക്കറ്റാണ് ജനപ്രിയ കളി...?
അതില്‍ അര്‍ത്ഥമില്ലെന്നാണ് തോന്നിയിട്ടുള്ളത്.ക്രിക്കറ്റില്‍ ഏറ്റവും നല്ല കളിക്കാരനും കളിക്കിടയില്‍ ജയമെന്നത് വെറും ചാന്‍സാണ്. ഒരു പാകപ്പിഴ പറ്റിയാല്‍ പുറത്താക്കപ്പെടുന്നത് ക്രിക്കറ്റില്‍ മാത്രമേയുള്ളൂ. ടെന്നീസിലൊക്കെ ഇടയ്ക്ക് ഒരു തെറ്റ് പറ്റിയാല്‍ അത് തിരുത്തി മുന്നേറാം.
ഇന്ന് സമൂഹത്തില്‍ സ്ത്രീ വല്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്....പണ്ട് കൊട്ടാരങ്ങളിലെ സ്ത്രീകള്‍ക്ക് ഈ സ്വാതന്ത്ര്യം ഇല്ലായിരുന്നൂവെന്ന് തോന്നിയിട്ടുണ്ടോ?
മറിച്ചാണ് തോന്നിയിട്ടുള്ളത്. ഇന്നാണ് സ്ത്രീകളെ അടക്കിവച്ചിരിക്കുന്നത്. അന്ന് കേരളം ഒരു സ്ത്രീ രാജ്യമായിരുന്നൂവെന്ന് പറയാം. ഞങ്ങളുടെ തലമുറയില്‍ മരുമക്കത്തായമാണ്. സ്ത്രീക്ക് വിവാഹശേഷവും തന്റെ സാമ്പത്തികനില സ്വന്തമായി നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. സാമ്പത്തികസുരക്ഷി തത്വമാണ് സ്ത്രീക്ക് ധൈര്യം നല്‍കുന്നത്. ഇന്ന് വിവാഹം കഴിഞ്ഞാല്‍ സ്വത്ത് സ്ത്രീക്കുള്ളതല്ല. വിവാഹം കഴിച്ച പുരുഷനും കുടുംബത്തിനുമുള്ളതാണ്. അങ്ങനെ വരുമ്പോള്‍ സ്ത്രീ നിസഹായരാകുന്നു. കൊട്ടാരത്തിലെ സ്ത്രീകള്‍ അങ്ങനെ നോക്കുമ്പോള്‍ എത്രയോ സ്വതന്ത്ര്വയായിരുന്നു.
ആ സ്വാതന്ത്ര്യം അവര്‍ക്ക് നല്കിയ ആഡംബരത എന്തായിരുന്നു?
കൊട്ടാരത്തില്‍ എല്ലാക്കാര്യത്തിലുമുള്ള ലാളിത്യം അവരുടെ ജീവിതത്തിലുമുണ്ടായിരുന്നു. മഹാത്മാഗാന്ധി തിരുവന്തപുരത്ത് വന്നപ്പോള്‍ കൊട്ടാരത്തിലും വന്നു. അന്ന് അമ്മമഹാറാണി എന്റെ അമ്മയുടെ ചേച്ചിയാണ്.അമ്മമഹാറാണിയെ കണ്ടതും ഗാന്ധിജിക്ക് അത്ഭുതമായി. കറുത്ത കരയുള്ള മുണ്ടാണ് ഉടുത്തിരുന്നത ്. കാതില്‍ ചെറിയ മാല... കൈയില്‍ കനം കുറഞ്ഞ വള. മഹാത്മാഗാന്ധി ചോദിച്ചു: ''എവിടെ പട്ടുസാരിയും സ്വര്‍ണാഭരണങ്ങളും''വടക്കേന്ത്യയിലെ രാജകൊട്ടാരത്തിലെ ആര്‍ഭാടം കണ്ടിരിക്കുന്ന ഗാന്ധിജിക്ക് അത് തികച്ചും അത്ഭുതമായി.റാണിയോട് കൂടുതല്‍ സ്വാതന്ത്ര്യം തോന്നിയ അദ്ദേഹം ചോദിച്ചു ''വൈക്കം ക്ഷേത്രത്തില്‍ പട്ടിക്കും പൂച്ചയ്ക്കും വരെ കയറാം.പക്ഷേ മനുഷ്യന് പറ്റില്ല.ഇത് അനീതിയല്ലേ.''മഹാറാണി പറഞ്ഞു ''അതെ''.എങ്കില്‍ പിന്നെ പ്രവേശനം കൊടുത്തു കൂടേയെന്നായി ഗാന്ധിജി.അമ്മമഹാറാണി പറഞ്ഞു:''ചിത്തിരതിരുനാള്‍ മുതിരും വരെ ഔദ്യോഗികകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നൂവെന്നേയള്ളൂ.തീരുമാനം ിചിത്തിരതിരുനാളിനോട് ചോദിച്ചോളൂ.''ചോദിച്ചപ്പോള്‍ കുട്ടിയായ ചിത്തിരതിരുനാള്‍ തിരുമനസ് പറഞ്ഞു''തീര്‍ച്ചയായും''.ആ വാക്ക് പാലിച്ചു അദ്ദേഹം. അധികാരത്തിലേറി അധികംകഴിയും മുമ്പേ ക്ഷേത്രപ്രവേശനം അനുവദിച്ചു.
പല മാറ്റങ്ങള്‍... വിഷു പോലെയുള്ള ആഘോഷങ്ങളിലും മാറ്റം ?
ഈദും ക്രിസ്മസും നന്നായി ആഘോഷിക്കപ്പെടുന്നു.പല കാര്യങ്ങളിലും ചിട്ട നഷ്ടമായത് ഹിന്ദുക്കള്‍ക്കാണ്.ഓണവും വിഷുവുമൊന്നും ചിട്ടയായി ആഘോഷിക്കപ്പെടുന്നില്ല. കടയില്‍ പോയി പണം ചെലവാക്കുന്നതിനപ്പുറം ആത്മീയമായോ മതപരമായോ ഒരു ചിന്തയും അവര്ക്കില്ലാതാകുന്നു.
ഒരു മാറ്റം എങ്ങനെ വരുത്താന്‍ കഴിയും?
കുട്ടികളിലെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ. കുട്ടിക്കാലത്ത് മനസിലാക്കുന്നതൊന്നും മറക്കാന്‍ പറ്റില്ല.എനിക്ക് 12 വയസുള്ളപ്പോള്‍ കൊട്ടാരത്തില്‍ ഒരാള്‍ വന്നു.അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു തുടങ്ങിയത് ബ്രഹ്മാവില്‍ നിന്നാണ്. ബ്രഹ്മാവ് എല്ലാവര്ക്കും ഒരു വയസു കൊടുത്തു.മനുഷ്യനും പട്ടിക്കും കാളയ്ക്കും മൂങ്ങയ്ക്കും.എല്ലാവര്ക്കും 25 വയസ്.20 വയസില്‍ എത്തിയപ്പോള്‍ മനുഷ്യന് ഒരാഗ്രഹം.വയസൊന്നു കൂട്ടിക്കിട്ടണം. ബ്രഹ്മാവ് പറഞ്ഞു: ''മറ്റുള്ളവര്‍ തരാം''. മനുഷ്യന് കാളയുടെ അടുത്ത് ചെന്നു. ''നിനക്ക് വലിയ കഷ്ടപ്പാടല്ലേ എനിക്ക് തന്നൂടെ? അഞ്ച് വര്‍ഷം'' കാള കൊടുത്തു. പിന്നെ പട്ടിയുടെ അടുത്ത് പോയി; ''നീ വെറുതെ കാവലിരുന്നു മടുക്കില്ലേ'' യെന്നായി മനുഷ്യന്.
പിന്നെ മൂങ്ങയുടെ അടുത്ത് പോയി ''നീ ഇങ്ങനെ മൂളി എത്ര നാള്. അഞ്ചുവര്‍ഷം തന്നൂടെ.'' 25 വര്‍ഷം സുഖമായി കഴിഞ്ഞ മനുഷ്യന് പിന്നെ കുറേനാള്‍ കാളയെപ്പോലെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ ഏറ്റെടുത്തു. പ്രായമായപ്പോള്‍ പട്ടിയെ പോലെ കുരച്ചു ക്രൗര്യം കാണിക്കാന്‍ തുടങ്ങി. അവസാനം മൂങ്ങയെ പോലെ മൂളിയിരിക്കുന്ന അവസ്ഥയാണ് ഇന്ന് മനുഷ്യനുള്ളത്.
തിരുമനസിന് പാമ്പുകളില്‍ വലിയ വിശ്വാസമെന്ന് എവിടെയോ വായിച്ചിരിക്കുന്നു?
പാമ്പ് ഒരു സൂചനയാണ്. സായിപ്പും നമ്മളും വൈദ്യശാസ്ത്രത്തിന്റെ മുദ്രയായി ഉപയോഗിക്കുന്നത് പാമ്പിനെയാണ്.എന്തുകൊണ്ട്. നമ്മുടെ തല മുതല്‍ നട്ടെല്ലിന്റെ ഭാഗം വരെയാണ് സുഷ്മനാനാഡി.ഈ ഭാഗം ഉണര്‍ത്തിക്കഴിഞ്ഞാല്‍ നമ്മള് കൂടുതല്‍ ബുദ്ധിമാനാകും. ജീനിയസാകും. രണ്ട് മാതിരി പാമ്പുണ്ട്.ഒന്ന് നാഗം. പോകില്ല. സര്‍പ്പം.വേഗത്തില്‍ പോകുന്നത്. പലപ്പോഴും ചില മുന്നറിയിപ്പ് തരാന്‍ നാഗം കാരണമായിട്ടുണ്ട്.കൊട്ടാരംവക നാഗക്ഷേത്രത്തില്‍ ഒരു രാത്രി വിളക്ക് കൊളുത്തിയില്ല. അന്നു സന്ധ്യാനേരം ഒരു പാമ്പ് എനിക്ക് ദര്‍ശനം തന്നു. അപ്പോഴേ എനിക്ക് കാര്യം പിടികിട്ടി. വിളക്ക് കത്തിച്ചിട്ടുണ്ടാവില്ല.
ഇന്ന് വൈദ്യുതിയും കുറയുന്നു. ആദ്യമായി കൊട്ടാരത്തില്‍ വൈദ്യുതി എത്തിയത് ഓര്‍ക്കുന്നുവോ?
ആദ്യമൊക്കെ മെഴുകുതിരിയും വിളക്കുമാണ് ഉപയോഗിച്ചിരുന്നത്. ഒരിടയ്ക്ക് ഒരു പ്രത്യേകതരം ഗ്ളാസില്‍ വിളക്ക് കത്തിക്കുമായിരുന്നു.ആ ഗ്ളാസില്‍ പാതി എണ്ണയും പാതി വെള്ളവും നിറച്ച് അതിലാണ് തിരി കത്തിക്കുന്നത്.അതെങ്ങനെ കത്തിയെന്ന് ചോദിച്ചാല്‍ എനിക്കിന്നും അറിയില്ല.
പഴയ ചര്യകളില്‍ തെറ്റാതെ ഇന്നും പത്മനാഭസ്വാമിക്ഷേത്രത്തില്‍ പോകുന്നു... പ്രഭാതഭക്ഷണമായ'ചടങ്ങും' ഉച്ചഭക്ഷണമായ 'അമ്യതേത്തും' എങ്ങനെ ആണ്?
ചിട്ടകള്‍ ഒന്നും തെറ്റിക്കാറില്ല..രാവിലെ നാലുമണിക്ക് എഴുന്നേല്ക്കും. യോഗ ചെയ്യും. ദിവസവും രാവിലെ പത്മനാഭസ്വാമിക്ഷേത്രത്തി ല്‍ പോകും. തേവാരത്തില്‍ നിത്യപൂജ മുടക്കില്ല. പത്രം വായിക്കും.വേദം വായിക്കും.മിതമായേ ആഹാരം കഴിക്കൂ.പാലും പച്ചക്കറികളും ഉപയോഗിക്കും.രാവിലെ പ്രഭാതഭക്ഷണത്തിന് ഇഡ്ഡലി, എരിവില്ലാത്ത ചമ്മന്തി.തേന്‍തുള്ളി നിറച്ച ബ്രെഡ് ടോസ്റ്റ്. അല്പം ചോറ്,പരിപ്പ്,നെയ്യ്,സംഭാരം, ഒക്കെക്കൂട്ടി ഉച്ചയൂണ്. മുട്ട,ചായ,കാപ്പി ഒന്നും കഴിക്കില്ല.
പണ്ട് കൊട്ടാരത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് രുചികരമായ സല്‍ക്കാരങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്ക്കുംമാംസാഹാരമില്ലാത്ത വിഭവങ്ങളോ?
അവര്‍ക്ക് സല്‍ക്കാരങ്ങള്‍ നടത്തിയിരുന്നത് കവടിയാര്‍ കൊട്ടാരത്തിലായിരുന്നില്ല. മാംസാഹാരം വേണമെന്നതു കൊണ്ടുതന്നെ സല്‍ക്കാരങ്ങള്‍ കനകക്കുന്ന് കൊട്ടാരത്തിലാണ് നടത്തിയിരുന്നത്.അതിനായി പ്രത്യേകം ജോലിക്കാരേയും വച്ചിരുന്നു.
വിദേശയാത്രയില്‍ ആഹാരകാര്യത്തില്‍ ബുദ്ധിമുട്ടാറില്ലേ തിരുമനസും?
1933ലാണ് ഞാന്‍ ആദ്യമായി ഇംണ്ടില്‍ പോകുന്നത്.കപ്പലിലായിരുന്നു യാത്ര. 15 ദിവസമെടുത്തു എത്തിപ്പെടാന്‍. അന്ന് വെപ്പുകാരേയും കൂട്ടിയാണ് പോയത്. പിന്നീട് പോയത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം. അന്നും ഇന്നത്തെ രാഞ്ജിയെ കണ്ടു. ഞാനെന്ന ആറുവയസുകാരനെ കണ്ടത് രണ്ടാം തവണയും ഓര്‍ത്തിരുന്നു രാജ്ഞി.
ക്ഷേത്രദര്‍ശനസമയത്ത് പച്ചക്കല്ലിന്റെ വലിയ ലോക്കറ്റുള്ള മാല അണിഞ്ഞു കണ്ടിട്ടുണ്ട് ... ആ മാല?
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് പണിയിച്ച മാലയാണ്.ഏകദേശം മുന്നൂറ് വര്‍ഷം പഴക്കമുണ്ട്.അമ്പലത്തിലെ ആറാട്ട്,പള്ളിവേട്ട..തുടങ്ങിയ വിശേഷ അവസരങ്ങളിലാണ് അതണിയുക.
സമ്പന്നമാണ് രാജകുടുംബം. എങ്കിലും പണത്തിന് ബുദ്ധിമുട്ടിയ ഒരു കാലം ?
എന്നും ചെലവുകള്‍ നിയന്ത്രിച്ചേ പണം ചെലവാക്കിയിട്ടുള്ളൂ.അതുകൊണ്ടാവണം പണത്തിന് ഞെരുക്കം അനുഭവിച്ചിട്ടില്ല.പണ്ടൊക്കെ നിരവധി പേര്‍ക്ക് ജോലി നല്കാന് കഴിഞ്ഞിരുന്നു.ഇന്ന് അത്രയ്ക്ക് കഴിയാറില്ല. എങ്കിലും നാലോളം ട്രസ്റ്റുകള്‍ ക്ക് രൂപം കൊടുത്ത് പലര്‍ക്കും സഹായം എത്തിക്കാന്‍ കഴിയുന്നുണ്ട്.
അഭിമുഖത്തിലുടനീളം ഭക്തി നിറയുന്നു ആ തിരുമുഖത്ത്.
സത്യത്തില്‍ ദൈവം ഉണ്ടോ?
ഒട്ടും സംശയം വേണ്ട ൈദവം ഉണ്ട്. എന്നോട് പലരും ചോദിക്കും.പണം, കാര്‍, സ്വത്തുക്കള്‍,സൗഹ്യദങ്ങള്‍.....ഇതൊക്കെയുള്ളപ്പോള്‍ ദൈവത്തിന്റെ പ്രാധാന്യമെന്ത്.ഞാന്പറയും: മറ്റുള്ളതൊക്കെയും നശിക്കാം പക്ഷേ മനസിലെ ഭക്തി ഒരിയക്കലും കെടില്ല.
എങ്ങനെ അറിയും ആ സാന്നിധ്യം?
എപ്പോഴാണ് മനുഷ്യന് രോമാഞ്ചം ഉണ്ടാവുക. അത് നിര്‍വചിക്കാന്‍ പറ്റുമോ. കോവിലില്‍ പോകുമ്പോള്‍ അതറിയാന്‍ കഴിയും. എപ്പോഴും പത്മനാഭന് മനസിലുണ്ട്. ഒപ്പം വിരല്ത്തുമ്പിലുമെന്ന് ബോധ്യപ്പെടുത്തുന്നു അദ്ദേഹം. ഒരു വേള കൈയിലെ മോതിരം ഊരിക്കാട്ടുന്നു. മോതിരത്തിന്റെ ശംഖിന്റെ മുദ്ര പതിപ്പിച്ച അടപ്പ് തുറക്കുമ്പോള്‍ കാലിഡോസ്പ്പിലെന്ന പോലെ ദൂരെ കാഴ്പയില്‍ പത്മനാഭസ്വാമിയുടെ രൂപം. മനസിലും കാഴ്ചയിലും പത്മനാഭസ്വാമിയുടെ ഭക്തി നിറയുമ്പോ ള്‍ അറിയാതെ നമ്മളില്‍ രാജഭക്തി നിറയുന്നു. നമ്മുടെ ഹൃദയത്തില്‍ അദ്ദേഹം നിറച്ചതെന്താണ്. രാജകാലത്തിന്റെ ഉത്സവങ്ങള്‍ .
Article Credits,Mangalam Daily,16/12/2013
Connecting Music
Sri Valsan J Menon
Janardana Murali
Classical Vocal
Amazing India
Monday, December 16, 2013
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇനി ഓര്മ
തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാനത്തെ ഇളയരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇനി പ്രശാന്തമായ ഓര്മ.
വൈകീട്ട് 5.45-ന് കവടിയാര്‍ കൊട്ടാരവളപ്പില്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നു. അതിനുമുമ്പ് ഭൗതികശരീരം കോട്ടയ്ക്കകം ലെവിഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചിരുന്നു. ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയത്.
തിങ്കാളാഴ്ച പുലര്‍ച്ചെ 2.20-നാണ് എസ്.യു.ടി ആസ്പത്രിയില്‍ വെച്ച് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമായിരുന്നു മരണകാരണം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.
രാജകുടുംബത്തിന്റെ കാരണവരും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയുടെ അനുജനാണ്. 1922 മാര്‍ച്ച് 22-നാണ് തിരുവനന്തപുരത്തെ കവടിയാര്‍ പാലസ്സില്‍ അദ്ദേഹം ജനിച്ചത്. മഹാറാണി സേതു പാര്‍വതി ഭായിയാണ് അമ്മ. കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാനാണ് അച്ഛന് .
തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ പ്ലൈമൗത്ത് കമ്പനിയില്‍ ജോലി നോക്കി. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടില്‍ പോയി. പഠനശേഷം തിരിച്ചെത്തി 1956-ല്‍ ബാംഗ്ലൂരില്‍ വ്യവസായ സ്ഥാപനം തുടങ്ങി. വളരെക്കാലം ബാംഗ്ലൂരിലായിരുന്നു താമസം.
ശ്രീ ചിത്തിര തിരുനാള്‍ 1991-ല്‍ നാടുനീങ്ങിയതിനെത്തുടര്‍ന്ന് രാജകുടുംബത്തിന്റെ അധികാരസ്ഥാനമേറ്റെടുത്ത ഉത്രാടം തിരുനാള്‍ എളിമയുടേയും പാണ്ഡിത്യത്തിന്റേയും പ്രതീകമായിരുന്നു.
എസ്.യു.ടി ആസ്പത്രി എന്ന് ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ശ്രീ ഉത്രാടം തിരുന്നാള്‍ ആസ്പത്രി കോമ്പൗണ്ടിലെ പട്ടം പാലസിലാണ് (തുളസി ഹില്‍ പാലസ്) മഹാരാജാവ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് അസുഖം മൂര്‍ച്ഛിച്ചത്. തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്നാണ് ഇന്നു പുലര്‍ച്ചെ അന്ത്യം സംഭവിച്ചത്. മരണസമയത്ത് രണ്ടു മക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ആത്മകഥ 'തൃപ്പടിദാനം' പുറത്തിറക്കിയത് മാതൃഭൂമി ബുക്സാണ്. അനാര്‍ഭാടമായ ജീവിതവും സമത്വചിന്തയും ആയിരുന്നു മഹാരാജാവിന്റെ പ്രത്യേകത. ഇക്കാര്യത്തില്‍ 'ക്ഷേത്രപ്രവേശന വിളംബരം' നടത്തിയ മൂത്ത സഹോദരന്റെ പാതയാണ് അദ്ദേഹം പിന്തുടര്ന്നത്. 'ഭക്തിയുടെ നറുംപാല് തിളപ്പിച്ച് ശ്രീപത്മനാഭന് നിത്യവും നിവേദ്യം ഒരുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദാസഭക്തനാ'ണ് താനെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിരുന്നത്.
കഴിഞ്ഞവര്‍ഷം കുടുംബാംഗങ്ങളുടെയും സര്‍ക്കാരിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി നവതി ആഘോഷിച്ചു. ഈ വര്‍ഷം നവംബര്‍ 11-ന് ചാള്‍സ് രാജകുമാരനുമായി നടന്ന കൂടിക്കാഴ്ച ചരിത്രസംഭവമായി. അനാരോഗ്യത്തെ വകവെയ്ക്കാതെ കൊച്ചിയിലെത്തിയാണ് അദ്ദേഹം ചാള്‍സ് രാജകുമാരനെ കണ്ടത്. തിരുവിതാംകൂര്‍ പവന് ചാള്‍സിന് സമ്മാനമായി നല്‍കുകയും ചെയ്തു.
2010 ജൂണില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയെക്കുറിച്ച് ലോകമറിഞ്ഞതോടെ തിരുവിതാംകൂര്‍ രാജകുടുംബവും അതിന്റെ സ്ഥാനിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 2005-ല്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മകന് പദ്മനാഭ വര്‍മ. മകള്‍ പാര്‍വതി ദേവി.
Reports Mathrubhumi Daily,16th Dec 2013
Reports Mathrubhumi Daily,16th Dec 2013
Saturday, January 5, 2013
Subscribe to:
Posts (Atom)